India Kerala

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്

ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊ ലീസ് ഒരുക്കിയിരിക്കുന്നത്.

മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ നൈനാര്‍ മസ്ജിദില്‍ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെയും കണ്ടാണ് പേട്ട തുള്ളുന്നത്. ഉച്ച കഴിഞ്ഞാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുളളല്‍. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം. വാവര്‍ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുന്‍നിര്‍ത്തി

ആലങ്ങാട് സംഘം മസ്ജിദില്‍ കയറാതെ പള്ളിയെ വണങ്ങി ആദരവര്‍പ്പിക്കും. പേട്ട തുള്ളലിന് മുന്നോടിയായി ഇന്നലെ ചന്ദനകുടവും നടന്നിരുന്നു. സ്ത്രീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇത്തവണ എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്.