ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും എറണാകുളം- അമ്പാട്ടുകാവ് റെയില്‍വേ തുരങ്കപാതയുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തുരങ്കപാത നിര്‍മാണത്തിന് പഞ്ചായത്ത് വിഹിതമായി നല്‍കേണ്ട തുക റെയില്‍വേക്ക് അടച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പാത വൈകുന്നത് മൂലം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി, തായിക്കാട്ടുകര, അശോകപുരം സ്വദേശികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത്. ഒന്നര പതിറ്റാണ്ട് മുന്‍പാണ് തുരങ്കപാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടര വര്‍ഷം മുന്‍പ് ശിലാസ്ഥാപനവും നടന്നു. എന്നാല്‍ ഇതുവരെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ദേശീയപാതക്കും ജനവാസ കേന്ദ്രത്തിനും ഇടയിലൂടെയാണ് റെയില്‍വേ കടന്നു പോവുന്നത്. അമ്പാട്ടുകാവ് ഭാഗത്ത് റെയില്‍വേ ട്രാക്കിന് വളവുണ്ട്. ഇതുമൂലം പലപ്പേഴും ട്രെയിന്‍ വരുന്നത് പാത മുറിച്ച് കടക്കുന്നവരുടെ ശ്രദ്ധയില്‍പെടാറില്ല. ഇതുമൂലം ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ അരംഭിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.