India Kerala

എറണാകുളം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടി സി.പി.എം

മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടുകയാണ് എറണാകുളത്ത് സി.പി.എം. ആദ്യം കേട്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര്. രാജീവ് ചാലക്കുടിയിലെന്ന് ഏകദേശ ധാരണയായതോടെ പൊതു സമ്മതനായ സ്വതന്ത്രനെന്ന പതിവ് തുടരാന്‍ ആലോചിക്കുന്നു നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍

എറണാകുളം ഒരിയ്ക്കലേ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്നിട്ടുള്ളൂ. 1967ല്‍ വി വിശ്വനാഥ മേനോന്‍ വിജയിച്ചപ്പോള്‍. പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ആരും ലോക്സഭ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പൊതു സ്വീകാര്യതയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് ഇടതു മുന്നണിക്കായി സി.പി.എം രംഗത്തിറക്കാറ്. ഇക്കുറി പൊതു സ്വതന്ത്രന്‍ വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാനേതൃത്വവും കീഴ് ഘടകങ്ങളും. 2014ല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ മത്സരിപ്പിച്ചത് പഴി കേട്ട സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കാരനാകണമെന്ന ആഗ്രഹം. എറണാകുളത്ത് സ്ഥാനാര്‍ഥിയാകും എന്ന കണക്കുകൂട്ടലില്‍ പി.രാജീവ് മണ്ഡലത്തില്‍ സജീവമായിരുന്നുവെങ്കിലും ചാലക്കുടിയില്‍ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. പകരമാരെന്ന് ചോദ്യത്തിന് സി.പി.എം നേതൃത്വത്തിന് ഇപ്പോഴും മറുപടിയില്ല.

പാര്‍ട്ടിയില്‍ നിന്ന് മികച്ചൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തനായില്ലെങ്കില്‍ ഇടതിന്റെ പോരാളി വീണ്ടും പൊതു സ്വതന്ത്രനാകും. എറണാകുളത്ത് പലകുറി മത്സരിച്ച് ജയവും തോല്‍വിയും സമ്പാദ്യമായുള്ള ഡോ. സെബാസ്റ്റ്യന്‍ പോളിനെ പരിഗണിക്കാന്‍ സാധ്യത കുറവ്. മമ്മൂട്ടി, മഞ്ജുവാര്യര്‍ തുടങ്ങി റിമ കല്ലിങ്കല്‍ വരെയുള്ള താരങ്ങളുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ പ്രചരണങ്ങളെ തള്ളിക്കളയുകയാണ് സി.പി.എം നേതൃത്വം.