സമ്പര്‍ക്ക കേസുകളും ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചതോടെ കൊച്ചി അതീവ ജാഗ്രതയില്‍. എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനം തടയാനായെങ്കിലും ആലുവ കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് നിലവില്‍ ആശങ്കയുണ്ടാക്കുന്നത്. ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി.
തോപ്പുംപടി, പിറവം,കടവന്ത്ര,കീഴ്മാട്,പറവൂര്‍,ചെല്ലാനം തുടങ്ങിയപ്രദേശങ്ങളിലാണ് ഏറ്റവുമൊടുവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നു തൊഴിലിടത്തില്‍ നിന്നുമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. എന്നാല്‍ ആലുവയിലെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയായിവരുന്നു. ജില്ലയില്‍ ഇന്നലെ മൊത്തം 21 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട ചെയ്തത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 213 ആയി. ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കീഴ്മാട് പഞ്ചായത്തിലെ 4ാം വാര്‍ഡ്, ആലങ്ങാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ്,ചെല്ലാനം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.
പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ശക്തമായ പരിശോധനയും കര്‍ശന നിയന്ത്രണങ്ങളുമാണ് ആലുവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.