മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമായി. സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് കണ്‍വെന്‍ഷനും ഇന്ന് തുടക്കമാകും.
മണ്ഡലം നിലനിർത്താൻ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രമാണ് മനു റോയിയിലൂടെ എല്‍.ഡി.എഫ് പയറ്റുന്നത്. പൊതുസ്വീകാര്യനായ ഒരാളെന്ന നിലയ്ക്കാണ് എറണാകുളത്ത് മുത്തുവെന്ന സി.ജി രാജഗോപാലിനെ എന്‍.ഡി.എ കളത്തിലിറക്കിയത്.
മൂന്ന് മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ പ്രചാരണ രംഗവും സജീവമായി. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എല്‍.ഡി.എഫ് പ്രചാരണത്തില്‍ ഒരുപിടി മുന്നിലാണ്. എറണാകുളത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് തുടക്കമിട്ട് യു.ഡി.എഫും പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഇന്നാണ് എല്‍.ഡി.എഫ് കണ്‍വെന്‍ഷന് തുടക്കമാവുക. ഇരുമുന്നണികളുടെയും ഭരണ പരാജയങ്ങളും അഴിമതിയാരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രചാരണം ശക്തമാക്കുന്നത്. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ ഓരോ വോട്ടര്‍മാരെയും പരമാവധി നേരില്‍ കണ്ട് വോട്ടുറപ്പിക്കാനാകും സ്ഥാനാര്‍ഥികളുടെ ഓട്ടം. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ രാവിലെ 10 മണിക്കും എന്‍.ഡി.എ സ്ഥാനാര്‍ഥി ഉച്ചക്ക് ശേഷവുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.