India Kerala

കോവിഡ് 19: എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി

എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

ഐസലേഷനില്‍ കഴിയുന്ന യുകെ പൌരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരന്റെ ആരോഗ്യനില തൃപ്തികരമല്ല. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് 12 വിദേശികളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരെ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങള്‍‌ ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലാകെ 9 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ കോവിഡ് 19 നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്നാം തിയ്യതിക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ വഴി ജില്ലയിലെത്തിയ ആളുകളെ കണ്ടെത്താനായി വിവര ശേഖരണം നടത്തും. ആരോഗ്യപ്രവര്‍ത്തകരുടേയും ആശാപ്രവര്‍ത്തകരുടേയും സഹായത്തോടെ സി ട്രാക്കര്‍ സംവിധാനം ഉപയോഗിച്ചാണ് വിവര ശേഖരണം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കാന്‍ ഇന്നലെ മുതല്‍ ഒ പി സമയത്തിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം പരമാവധി കുറക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.