India Kerala

എറണാകുളത്ത് അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലില്‍ സി.പി.എം

എറണാകുളത്ത് പൊതു സ്വതന്ത്രനെ രംഗത്തിറക്കിയതിലൂടെ 98 ൽ നേടിയത് പോലുള്ള ഒരു അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലിലാണ് സി.പി.എം. അതേസമയം രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തയാളെ സി.പി.എം സ്ഥാനാർഥിയായി പരിഗണിച്ചത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

ലത്തീൻ കത്തോലിക്ക സമുദായംഗമായ മനു റോയിയെ സ്ഥാനാർഥിയാക്കുന്നതോടെ മണ്ഡലത്തിൽ നിർണായക ശക്തിയായ സമുദായത്തെ ഒപ്പം നിർത്താൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തെ അവഗണിച്ചുവെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. യുവ അഭിഭാഷകനായ മനു റോയിയിലൂടെ 98 ലെ ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ നേടിയത് പോലുള്ള അട്ടിമറി വിജയം നേടാമെന്നാണ് സി.പി.എം കണക്ക് കൂട്ടൽ. മണ്ഡലത്തിൽ സുപരിചിതനല്ലെന്ന പോരായ്മ ആദ്യഘട്ട പ്രചരണത്തിലൂടെ തന്നെ മറികടക്കാനാവുമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.

അതേസമയം മനു റോയിയുടെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. നഗര കേന്ദ്രീകൃത മേഖലയിൽ യു.ഡി.എഫിനുള്ള മേധാവിത്വം മറികടക്കാൻ എൽ.ഡി.എഫിന് കഴിയില്ലെന്നും ഇരു മുന്നണികളുടെയും സ്ഥാനാർഥികൾ ഒരേ സമുദായംഗങ്ങളായതിനാൽ ലത്തീൻ കാത്തലിക്ക് സ്ഥാനാർഥിയെ രംഗത്തിറക്കിയാലും എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നുമാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്.