കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെയാണ് പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്
മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വരാൻ പോകുന്ന കാലവർഷത്തിന്‍റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം രൂപം നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കനത്ത മഴയിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനായി അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് കലക്ടർ നൽകി. ഇതിനായി ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. സമിതിയുടെ ശുപാർശ പ്രകാരം മരം മുറിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് അനുവാദം നൽകുന്നത്.
ജില്ലയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടത്താനുള്ള നിർദ്ദേശങ്ങളും നൽകി. ആശുപത്രികളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും അഗ്നി സുരക്ഷാ വകുപ്പിന്‍റെ എൻ.ഒ.സി ഇല്ലാതെ ആശുപത്രികൾ പ്രവർത്തിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പുഴകളിലും തോടുകളിലും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായി തോടുകളിലെ തടസങ്ങൾ പൂർണമായും ഒഴിവാക്കും.
മണ്ണൊലിപ്പ് കൂടുതൽ ഉണ്ടാകാത്ത രീതിയിൽ ചരിഞ്ഞ പ്രദേശങ്ങളിൽ വെള്ളം ഒഴുകി ഇറങ്ങുന്നതിനുള്ള പ്രാദേശിക സംവിധാനവും ഒരുക്കും. പാലങ്ങളിലുള്ള തടസങ്ങളും ഇതോടൊപ്പം നീക്കം ചെയ്യും. മധ്യമേഖലയിൽ കൈത്തോടുകളിലെ എക്കൽ നീക്കുന്നതോടൊപ്പം പ്രധാന തോടുകളിലേക്ക് വെള്ളം സുഗമമായി എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയുമാണ് ചെയ്യുന്നത്. തോടുകൾക്ക് കുറുകെയുള്ള തടയണകൾ വി.സി.ബിയി ലുള്ള ഷട്ടറുകൾ എന്നിവ മഴ തുടങ്ങുന്നതിനു മുമ്പ് നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പടിഞ്ഞാറൻ മേഖലയിൽ പ്രധാന പുഴകളിലൂടെ ഒഴുകി വരുന്ന വെള്ളം പ്രാദേശിക കൈത്തോടുകളിലേക്ക് കയറാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി കൈത്തോടുകൾ പൂർണ്ണമായും എക്കൽ കോരി സൗകര്യമൊരുക്കും. കായലുകളിലേക്ക് കയറി വരുന്ന വെള്ളം പെട്ടെന്ന് ഇറങ്ങിപ്പോകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്.
വൈപ്പിൻ, പറവൂർ മേഖലകളിൽ കായലിലേക്കുള്ള കൈത്തോടുകൾ അടിയന്തിരമായി തുറക്കുന്നതിനുള്ള നടപടികൾ പരിശോധിച്ച് തീരുമാനിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗത്തിനാണ് ഇതിന്‍റെ ചുമതല. പ്രധാന പുഴകളായ പെരിയാർ, മുവാറ്റുപുഴ എന്നിവയിലെ തടസങ്ങൾ മഴക്കു മുമ്പേ പരിശോധിക്കുകയും അവ നീക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കാനും മേജർ ഇറിഗേഷൻ, എം.വി.ഐ.പി, പി.വി.ഐ.പി , ഐ.ഐ.പി എന്നിവർക്ക് നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്തിന്‍റെ പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിലും ബ്ലോക്ക് തല പ്രവർത്തനങ്ങൾ ജില്ലാതലത്തിലും വിലയിരുത്തി പഞ്ചായത്ത് ഡയറക്ടറേറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.