India Kerala

എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവം; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എറണാകുളം മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും ഊര്‍ജ്ജിതമാക്കി മുന്നണികള്‍. കുത്തക മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് മുന്നോട്ട് പോമ്പോള്‍ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

വിജയം സുനിശ്ചിതമാണാന്നാണ് യു.ഡി.എഫ് പക്ഷം. അതുകൊണ്ട് തന്നെ സീറ്റിന് ആവശ്യക്കാരേറെയുണ്ട്. മുന്‍ എം.പി കെ.വി തോമസിന് നറുക്ക് വീണില്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായ ടി.ജെ വിനോദിനാവും പ്രഥമ പരിഗണന. ലാലി വിന്‍സെന്റ്, ഹെന്‍റി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുന്‍ മേയര്‍ ടോണി ചമ്മിണി, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെയാണ് ‘എ’ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത് .സ്ഥാനാര്‍ഥി നിര്‍ണയം നേതൃത്വം തീരുമാനിക്കുമെന്നും വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും ഡി.സി.സി അധ്യക്ഷന്‍ ടി.ജെ വിനോദ് പറഞ്ഞു.

രണ്ട് തവണ വിജയിച്ച ചരിത്രമുള്ള ഇടതുപക്ഷം സ്വതന്ത്രനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഇദ്ദേഹത്തിന്റെ തന്നെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍, മനു റോയ് എന്നീ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.ഐ നിലപാട് നിര്‍ണായകമാവും.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ട് വിഹിതം മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ മത്സരത്തിനിറക്കി വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയാണ് എന്‍.ഡി.എ ക്കുള്ളത്.