Kerala

ഇ-പോസ് മെഷീനുകൾ പണിമുടക്കി; സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു; ഇന്ന് നാലുമണി വരെ കടകൾ അടച്ചിടും

ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിനമാണ് റേഷൻ വിതരണം തടപ്പെടുന്നത്. അതിനിടെ, ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകി. ഇതിനകം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. 

ഈ കാത്തിരിപ്പിന് തുടർച്ചയായ മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇ പോസ് മെഷീൻ തകരാർ റേഷൻ വിതരണത്തെ തടസ്സപ്പെടുത്തിയതോടെ, പ്രതിസന്ധിയിലായത് റേഷൻ വ്യാപാരികളും കാർഡ് ഉടമകളുമാണ്. രാവിലെ മുതൽ കടകളിലെത്തുന്നവർക്ക് മടങ്ങിപ്പോകേണ്ട അവസ്ഥ. റേഷൻ വ്യാപാരികളാകട്ടെ നിസ്സഹായരും.

ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിന് ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം മാത്രമാണ്. ഇതിനിടെയിൽ മെഷീൻ പണിമുടക്ക് തുടർന്നാൽ, എങ്ങനെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുമെന്ന ആശങ്കയിലാണ് കാർഡ് ഉടമകൾ.

സെർവർ തകരാർ എന്ന നിരന്തര വിശദീകരണം മാത്രമാണ് അധികൃതർ നൽകുന്നത്. നിലവിൽ വന്നത് മുതൽ ഇങ്ങോട്ടു തുടരുന്ന മെഷീൻ തകരാറിന് ശാശ്വത പരിഹാരം എന്ന ആവശ്യം വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നു. സർവർ കപ്പാസിറ്റി വർധിപ്പിക്കുക, കൃത്യമായി ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തുക എന്നീ ആവശ്യങ്ങൾ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു. അതേസമയം, ഇന്ന് 4 മണി വരെ റേഷൻ കടകൾ അടച്ചിടാൻ സർക്കർ നിർദേശം നൽകി.