Kerala

തെറ്റ് ആര്‍ക്കും സംഭവിക്കാം; അത് തിരുത്താനാണ് അവസരം നല്‍കേണ്ടത്; പി ശശിയുടെ നിയമനത്തില്‍ ഭിന്നതയില്ലെന്ന് ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ പാതയിലേക്ക് നയിക്കാനുള്ളതാണ് പാര്‍ട്ടിയിലെ അച്ചടക്കനടപടി. ഒരിക്കല്‍ പുറത്താക്കിയെന്ന് കരുതി അയാള്‍ക്ക് ആജീവനാന്തം പുറത്ത് നില്‍ക്കാനാകില്ല. ചില തെറ്റുകളൊക്കെ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി ശരിയായി മുന്നോട്ടുവരുന്ന അനുഭവമാണുള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കി.

ഇന്നലെയാണ് പി ശശിയുടെ നിയമനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ജയരാജന്‍ ചോദിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ചുമതല വിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.

മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് നീക്കേണ്ട സാഹചര്യത്തിലെ പരാതിയടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് പി ജയരാജന്റെ വാക്കുകള്‍. പി ശശിയുടെ നിയമനത്തില്‍ ഒരു തവണ കൂടി ആലോചിക്കണമെന്ന നിലപാടെടുത്തപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍. എതിര്‍പ്പ് നേരത്തെ അറിയിക്കണമായിരുന്നെന്നും നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.