Kerala

‘കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേളാനും’; ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ഇ.പി ജയരാജന്‍

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. ഗൂഡാലോചനയുണ്ടോ എന്നൊന്നും തനിക്കറിയില്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൈജു കൊട്ടാരക്കര കൊളംബോയില്‍ നിന്ന് തത്സമയം

‘സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. കളക്ടറും, ചീഫ് സെക്രട്ടറിയും, ഡിജിപിയും ഒക്കെയായിരുന്ന ആളുകള്‍ ആ പദവിയില്‍ നിന്നിറങ്ങി കഴിഞ്ഞാല്‍ പിന്നെ സ്വീകരിക്കുന്ന നിലപാടെന്താണ്? അതിലെല്ലാം മറ്റുള്ളവര്‍ക്ക് ബാധകമാകുന്ന നിയമനടപടികളാണ് സ്വാഭാവികമായും സ്വീകരിക്കുക.

കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേളാനും’ എന്നൊരു ശൈലി വടക്കേ മലബാറിലുണ്ട്. ഇത്തരത്തിലുള്ള കുറ്റക്കാര്‍ രക്ഷപെടാനുള്ള വഴിയും കണ്ടിട്ടുണ്ടാകാം. പൊലീസ് എല്ലാ മാര്‍ഗവുമുപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ജയരാജന്‍ പ്രതികരിച്ചു.

അതേസമയം ദിലീപിനനുകൂലമായ വെളിപ്പെടുത്തലില്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു.