Kerala

അബ്ദുൽ ലത്തീഫ് വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്ക്; ഇപി ജയരാജൻ

പ്രതിപക്ഷ നേതാവിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിപക്ഷ നേതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറ്റം തെളിയിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വിത്യസ്തമായ പ്രതികരണമാണ് നടത്തുന്നതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ലാത്ത നടപടിക്രമങ്ങൾ യുഡിഎഫ് ഉപയോഗിച്ചെന്നും ഇപി ജയരാജൻ. യുഡിഎഫ് ആസൂത്രണം ചെയ്താണ് വിഡിയോ പ്രചരിപ്പിച്ചത്. കുറ്റം തെളിഞ്ഞതോടെ പ്രതിപക്ഷനേതാവ് വല്ലാതെ ഭയപ്പെടുന്നു. കേസ് നീതിപൂര്‍വമായാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.

സൈബര്‍ സെല്‍ നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. തത്കാലം ആശ്വാസത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് രാഷ്ട്രീയത്തെ പ്രതിപക്ഷ നേതാവ് മലീമസമാക്കുന്നുവെന്നും ഇപി പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിഭക്ഷത്തില്‍ വിജയിക്കുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേര്‍ത്തു.