ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് കാരണം. തെങ്ങിൽ കയറാൻ പുതിയ സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി.
വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം.വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ജയരാജൻ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റിനെതിരെയും ഇ പി ജയരാജൻ വിമര്‍ശനം ഉന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലതെന്നുമാണ് അദ്ദേഹം പറഞ്ഞത്.