India Kerala

കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് ഇ.പി ജയരാജന്

കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ.ടി ജലീലിനെ ചിലര്‍ വേട്ടയാടുകയാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായി യാതൊന്നുമില്ലെന്നും ജയരാജന്‍ ദോഹയില്‍ പറഞ്ഞു.

എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്, എന്നാല്‍ കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറ‍ഞ്ഞു. മന്ത്രി കെ.ടി ജലീലിനെ ചിലര്‍ മനപ്പൂര്‍വം വേട്ടയാടുകയാണ്, അദ്ദേഹം അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായ വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

ഇനിയൊരു പ്രളയം വന്നാല്‍ നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല, ഇക്കഴിഞ്ഞ വിദേശയാത്രയില്‍ ദുരന്തനിവാരണ ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇതിനായുള്ള ആസൂത്രണങ്ങള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. ദോഹയില്‍ കേരളാ ബിസിനസ് ഫോറത്തിന്‍റെ ബിസിനസ് കോണ്‍ക്ലേവിനായി എത്തിയതായിരുന്നു ഇപി ജയരാജന്‍.