Kerala

സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്

സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്. ക്വാറികൾ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള സെക്യൂരിറ്റി തുക പെർമിറ്റ് നൽകുമ്പോൾ തന്നെ ഈടാക്കണമെന്നും ശിപാര്‍ശയുണ്ട്.റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.

പാറ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം ശാസ്ത്രീയമായും നിയമവിധേയമായും പ്രകൃതി സൗഹാർദ്ദമായും നടപ്പാക്കാൻ കഴിയുന്ന വിധമുള്ള നയം കൊണ്ടുവരാനാണ് സമിതി ശിപാർശ.2005 ൽ ഭേതഗതി വരുത്തിയ കേരള മൈൻസ് & മിനറൽസ് കൺസർവേഷൻ ചട്ടം കൃത്യമായി നടപ്പിൽ വരുത്തണമെന്നും അത് പ്രകാരം പ്രവർത്തിക്കുന്ന 723 ക്വാറികൾക്കല്ലാതെ മറ്റൊരു ക്വാറികൾക്കും പ്രവർത്തനാനുമതി നൽകരുതെന്ന് സമിതി ശിപാർശ ചെയ്യുന്നു.

ക്വാറി ലൈസൻസ് ഒരു വ്യക്തിക്ക് അനുവദിക്കുന്നതിന് പകരം ക്വാറികൾ പൊതു ഉടമസ്ഥതയിലോ സർക്കാർ നിയന്ത്രണത്തിലോ കൊണ്ടുവരികയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം. പാറ പൊട്ടിച്ച് മാറ്റുമ്പോഴും മണ്ണെടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഇത്തരം പ്രവർത്തനങ്ങൾ ജല സ്റോതസ്സുകളെ ബാധിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണം. അനധികൃത ഖനനം നടത്തിയെടുക്കുന്ന കരിങ്കല്ലിന് പരസ്യ വിപണിയ്ക്ക് തുല്യമായ പെനാൽറ്റി ഈടാക്കുവാൻ വ്യവസ്ഥ ചെയ്യണമെന്നും സമിതി ശിപാർശയുണ്ട്. പാറ പൊട്ടിക്കുന്നതിന് അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കണം.

ക്വാറികളും ജനവാസ കേന്ദ്രവുമായുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററായി വർദ്ധിപ്പിക്കണമെന്നും പാറയ്ക്കും പാറ ഉൽപ്പന്നങ്ങൾക്കും വില നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. ക്വാറികൾക്ക് സമീപമുള്ള പൊതു സമൂഹത്തിന്‍റെ ആരോഗ്യ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട ഏജൻസികളുടെ മോണിറ്ററിംഗ് സംവിധാനം ഉണ്ടാവണം. പരിസ്ഥിതി ക്ലിയറൻസിന്‍റെ കാലാവധി അഞ്ച് വർഷമായി കുറയ്ക്കണമെന്നും നിയമസഭ പരിസ്ഥിതി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു