Kerala

യൂറോ തോൽവിക്ക് പിന്നാലെ വംശീയാധിക്ഷേപവും ഇറ്റാലിയൻ ആരാധകർക്ക് നേരെ ആൾക്കൂട്ടാക്രമണവും: ഇംഗ്ലണ്ട് ആരാധകർക്കെതിരെ വിമർശനം ശക്തം

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടം. ഇംഗ്ലണ്ടിൻ്റെ പെനൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കെതിരെ ഇംഗ്ലണ്ട് ആരാധകരുടെ രൂക്ഷമായ വംശീയ ആക്രമണമാണ് നടക്കുന്നത്. ഇതോടൊപ്പം വെംബ്ലിയിൽ മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകരെ മത്സരം കഴിഞ്ഞതിനു ശേഷം അവർ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആരാധകരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് ഇറ്റലിയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ കൂവിയാർത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ആരാധകർ അധിക്ഷേപങ്ങൾക്ക് തുടക്കമിട്ടത്. മത്സരം അവസാനിച്ച് പുറത്തേക്ക് വരുന്നതിനിടെ ഇറ്റാലിയൻ ആരാധകരെ ഇംഗ്ലണ്ട് ആരാധകർ വളഞ്ഞിട്ട് മർദ്ദിച്ചു. ചിലർ ഇറ്റലിയുടെ ദേശീയ പതാക കത്തിക്കാൻ ശ്രമിക്കുകയും പതാകയിൽ തുപ്പി നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം.

1968 ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. റോബര്‍ട്ടോ മാന്‍ചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയില്‍ മുത്തമിട്ടത്. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഡോണറുമ്മയെ തെരെഞ്ഞെടുത്തു.