India Kerala

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി ശ്യാം പത്മനാഭനെയാണ് കാണാതായത്. ബന്ധുക്കള്‍ കഴക്കൂട്ടം പൊലീസിന് പരാതി നല്‍കി.

എം-ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാം പത്മനാഭനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാങ്ങപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ശ്യാം ലൈബ്രറിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് മടങ്ങിവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. കാര്യവട്ടം ക്യാമ്പസാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ക്യാമ്പസിനുള്ളിലെ കാട്ടിനുള്ളില്‍ പൊലീസും ഡോഗ് സ്ക്വാഡും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.