കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം.
കാക്കനാട് ലഹരിക്കടത്ത് കേസില്‍ വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തല്‍. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ നിക്ഷേപമിറക്കിയ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും എന്നാല്‍
ഇവരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. സംഭവത്തില്‍
എക്സൈസ് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരം ശേഖരിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ ആറാം പ്രതി തൊയ്ബ അവിലാദിൻ്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരെ എക്സൈസ് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് 20 പേർക്ക് കൂടി നോട്ടീസയച്ചു.
അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. പ്രതികളില്‍ നിന്നും കലമാന്‍ കൊമ്പ് കണ്ടെത്തിയ സംഭവത്തിലാണ് നടപടി. അറസ്റ്റിന് കാക്കനാട് ജെഎഫ്എം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിലവില്‍ ഈ കേസ് അന്വേഷിച്ചിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയിരുന്നു. ഇന്ന് പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റ ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തും.