India Kerala

ബിനീഷ് ലഹരിക്കടത്ത് നടത്തി, അഞ്ച് കോടിയിലേറെ അനൂപിന് കൈമാറിയെന്ന് ഇ.ഡി

ശനിയാഴ്ച വരെ കസ്റ്റഡി കാലാവധി നീട്ടിയ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

വരുമാന നികുതി വകുപ്പിന് നല്‍കിയ കണക്കുകളിലും പൊരുത്തക്കേടുകളുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷ് ലഹരിക്കടത്ത് നടത്തിയെന്ന് മൊഴിയുണ്ട്. ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി.

ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ബിനീഷിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് സഹോദരന്‍ ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.