Kerala

എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖം; ഉമ്മന്‍ചാണ്ടി

എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പേരിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു

സത്യസായ് ട്രസറ്റ് സ്ഥാപകനായ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി വീടു വച്ചുനല്‍കണമെന്ന തീരുമാനം വന്നയുടന്‍ ആദ്യം സമീപിച്ചത് സത്യസായ് ട്രസ്റ്റിനെയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ട്രസ്റ്റില്‍നടക്കുന്നത് നന്മയുടെ പ്രവര്‍ത്തനമെന്നും മുന്‍ മുഖ്യമന്ത്രി.

ദുരിത ബാധിതര്‍ക്കായി 108 വീടുകള്‍ വച്ചുനല്‍കാമെന്നായിരുന്നു സത്യസായ് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനായി ഭൂമി കണ്ടെത്തുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് അഭിനന്ദനാര്‍ഹമായ നീക്കമെന്ന് കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു. ദുരിത മേഖലയില്‍ സത്യസായ് ട്രസ്റ്റ് വച്ചുനല്‍കിയ വീടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് കൈമാറിയത്.