Kerala

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക; നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’


ആയിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാന്‍ നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്.

മലബാര്‍ മേഖലയിലെയും, കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന ഒരുമണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാത്ത കേന്ദ്ര സമീപനം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇതില്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായി പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാകണമെന്ന് ബഹ്റൈന്‍ പ്രതിഭ ആവശ്യപ്പെട്ടു.

അഴീക്കോട് എംഎല്‍എ കെവി സുമേഷ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്,പ്രതിഭ മുന്‍ രക്ഷാധികാരി സമിതിഅംഗം എന്‍ ഗോവിന്ദന്‍ തുടങ്ങി തദ്ദേശ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ബഹ്റൈന്‍ പ്രവാസികളും സന്നിഹിതരായിരുന്നു.