അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. അട്ടപ്പാടി ദുരിതം ഉന്നയിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യ മന്ത്രിക്ക്. പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവയ്ക്കുന്നു. സർക്കാകർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ഉന്നയിച്ചു.
ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചു എന്നാണ് കണക്ക്. ജനകീയ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി കാട്ടുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് ഭൂഷണമല്ല. ജനകീയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിന് പകരം എത്രയും വേഗം പരിഹാരം കാണാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്തുവെന്ന് വരുത്തുന്നത് ഉചിതമല്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. അത് പരിഹരിക്കാനും പരിശോധിക്കാനും സര്‍ക്കാരിന് കഴിയാതെ പോകുന്നുയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.