വയനാട് തൊവരിമലയില്‍ ഭൂസമര സമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം തുടരുന്നു. റിമാന്‍ഡിലുള്ള ഭൂസമരസമിതി നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി മുതലാണ് കലക്ട്രേറ്റിന് മുന്നില്‍ ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെ സമരം തുടങ്ങിയത്. റിമാൻഡിൽ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നും കൃഷി ചെയ്യാനും താമസിക്കാനും ഭൂമി നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിലെ എച്ച്.എം.എൽ പ്ലാന്‍റേഷനോട് ചേർന്ന് നിക്ഷിപ്ത വനഭൂമിയിലാണ് ഭൂസമര സമിതി പ്രവർത്തകർ ആദ്യം കുടിൽ കെട്ടി സമരം ആരംഭിച്ചത്. ഇന്നലെ പുലർച്ചയോടെ സമരഭൂമിയിൽ എത്തിയ പൊലീസും വനം വകുപ്പും ചേർന്ന് സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്തു. രാത്രിയോടെ ഹാജരാക്കിയ സമരസമിതി കൺവീനർ കുഞ്ഞിക്കണാരൻ, രാജേഷ് അമ്പാട്ട്, കെ.ജി മനോഹരൻ എന്നിവരെ വനനിയമങ്ങൾ ചുമത്തി റിമാൻഡ് ചെയ്തു. വനം കയ്യേറ്റം, വനഭൂമിയിലെ മരംമുറിക്കൽ എന്നിവയാണ് ചുമത്തിയ കേസുകൾ. സമരഭൂമിയിൽ നിന്നും പൊലീസ് നിർബന്ധിച്ച് ഇറക്കിവിട്ട സമരക്കാരിൽ പലരെയും കുറിച്ച് വിവരം ഇല്ലെന്നും സമരക്കാർ ആരോപിക്കുന്നു.