India Kerala

എം കെ രാഘവനെതിരായ ആരോപണം ഗൗരവതരം, റിപ്പോര്‍ട്ട്‌ തേടും: തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

തിരുവനന്തപുരം: എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. തിരഞ്ഞെടുപ്പ്‌ ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ പറഞ്ഞിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. ‘ടിവി 9’ ചാനലാണ‌് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്ബനി പ്രതിനിധികളായെത്തി രാഘവനോട് സംസാരിച്ചത‌്. തിരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനംചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ‌് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന‌് മാത്രം പത്ത‌് ലക്ഷത്തോളം രൂപ ചെലവുണ്ട‌്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട‌് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, എം.കെ. രാഘവനെതിരെയുള്ള കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് എ.ഐ.സി.സി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കൂടാതെ, സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു.