Kerala

വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തര സഹായം എത്തിക്കും. ധനസഹായം വൈകാതെ തന്നെ ലഭ്യമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. 50ല്‍ അധികം പേര്‍ക്കാണ് പരുക്കേറ്റു.

38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.