Kerala

എലോൺ മസ്‌കിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് കേരളത്തിലും

എലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സ് കമ്പനിയുടെ അതിവേഗ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സംവിധാനം കേരളത്തിലും ഉടനെത്തും. ഇഡാപ്റ്റ് ലേർണിംഗ്‌ ആപ്പ് ആണ് കേരളത്തിൽ നിന്ന് സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് ആദ്യമായി സബ്സ്ക്രൈബ് ചെയ്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റാർലിങ്ക് സേവനങ്ങൾ 2022ഓടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന വാർത്തകൾ പുറത്തുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കേരളത്തിലും ദുബായിലുമായി പ്രവർത്തിക്കുന്ന ഇഡാപ്റ്റ് ലേർണിംഗ് ആപ്പ് അധികൃതർ സ്റ്റാർലിങ്ക് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുകയായിയുന്നു.

സ്റ്റാർലിങ്ക് പ്രൊജക്റ്റ് പൂർണമായും പ്രവർത്തനക്ഷമമാവുമ്പോൾ ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും അതിവേഗ ഇന്‍റര്‍നെറ്റ് ലഭിക്കുന്നതിന് വഴിയൊരുക്കും. ലോകം സാങ്കേതികമുന്നേറ്റങ്ങൾ വഴി അതിവേഗം മാറ്റങ്ങൾക്ക് വിധേയമാവുകയാണ് എന്ന ആശയം പ്രചരിപ്പിക്കുകയാണ് ആദ്യ വരിക്കാരായതിലുള്ള ലക്ഷ്യമെന്ന് ഇഡാപ്റ്റ് ലേർണിംഗ് ആപ് സി.ഇ.ഒ പറഞ്ഞു .

180 ലേറെ രാജ്യങ്ങളിൽ നിന്നും രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നിലവിൽ ദിനംപ്രതി നൂതന സാങ്കേതിക വിദ്യകളെ കുറിച്ചറിയാനായി ഇഡാപ്റ്റിന്‍റെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ചൊവ്വ കോളനിവത്കരണം മുഖ്യ അജണ്ടയാക്കി സ്ഥാപിതമായ കമ്പനിയാണ് എലോൺ മസ്കിന്‍റെ സ്പേസ് എക്സ്. നിലവിൽ നാസയുടെ ബഹിരാകാശ പര്യവേഷണങ്ങളിൽ ഏറ്റവുമധികം ഉപയോഗപെടുത്തുന്ന സ്വകാര്യ കമ്പനിയും സ്പേസ് എക്സ് ആണ്.