ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി.
ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ആനക്കള്ളക്കടത്ത് കേസിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സർക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന ഹർജിയിലെ ആക്ഷേപം പരിശോധിച്ച കോടതി വനം വകുപ്പിൻ്റെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകരുതെന്ന് വ്യക്തമാക്കി. ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിൻ്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി പറവൂർ സ്വദേശി സന്തോഷ് നൽകിയ ഹർജി തീർപ്പാക്കി.
കേസിൽ പുത്തൻകുളം ഷാജി ഉൾപ്പെടെയുള്ള മുഖ്യപ്രതികൾ എല്ലാവരും ഒളിവിലാണ്. ആന കള്ളക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളിലാണ് അന്വേഷണം തുടരുന്നത്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. കോടതിയുടെ ഇടക്കാല ഉത്തരവ് ഇല്ലാത്തതിനാൽ പ്രതികൾക്കെതിരെ നടപടി തുടരാനാണ് വനംവകുപ്പിൻ്റെ തീരുമാനം. പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനിടെ നടപടികൾ നിർത്തിവെയ്ക്കാൻ വനംമന്ത്രി ഇടപെട്ടതാണ് പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായകമായത്. വനംമന്ത്രി ഉത്തരവ് റദ്ദാക്കുകയും അന്വേഷണം വനം വകുപ്പ് പുനരാരംഭിക്കുകയും ചെയ്തെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.