Kerala

ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി

തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി. ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

അതേസമയം ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്തെത്തിയിരുന്നു. മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയിട്ടും ആനകളെ എഴുന്നള്ളിക്കുന്നതിൽ മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ പറയുന്നു.

ഗുരുവായൂർ ആനക്കോട്ടയിൽ അടക്കം അഞ്ഞൂറോളം നാട്ടാനകളാണുള്ളത്. ഇതിൽ മദപ്പാട്, മറ്റ് രോഗങ്ങൾ എന്നിവ കാരണം 350 ഓളം ആനകളെ മാത്രമാണ് എഴുന്നള്ളിക്കാനാകുക. എന്നാൽ കഴിഞ്ഞ 20 മാസത്തിലേറെയായി ലക്ഷക്കണക്കിന് രൂപ നഷ്ടം സഹിച്ചാണ് ഇവർ ആനകളെ പരിപാലിക്കുന്നത്.