പാലക്കാട് ധോണിയിലെ പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും. ആനക്കൂടിന്റെ നിർമ്മാണം പൂർത്തിയായാൽ അടുത്ത സംഘം കൂടി എത്തും. അതിന് ശേഷമാകും ആനയെ മയക്കുവെടി വച്ച് വീഴ്ത്തുക.
വയനാടിനെ ആശങ്കയിലാക്കിയ പിഎം2വിനെ പിടികൂടാൻ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടിസെവനെ മയക്കുവെടി വെക്കുന്ന നടപടികൾ വൈകിയത്.ഇന്ന് വൈകീട്ടോടെ വയനാട്ടിൽ നിന്ന് ജില്ലയിലെത്തുന്ന സംഘം കൂടിന്റെ നിർമ്മാണം പൂർത്തിയാക്കും. തുടർന്ന് അടുത്തസംഘം കൂടി ജില്ലയിലെത്തിയ ശേഷമാകും മയക്കുവെടി വെക്കുന്ന നടപടിയിലേക്ക് കടക്കുക.
വനബീറ്റിലേക്ക് പ്രവേശിച്ച പിടി സെവനെ വനംവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.ഇതിനിടെ ഇന്നലെ രാവിലെ ജനവാസമേഖലയിലെത്തിയ ആനക്കൂട്ടത്തിൽ പിടി സെവനും ഉണ്ടായിരുന്നെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.