മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി. ഫ്ലാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതല ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. നേരത്തെ നഗരസഭ സെക്രട്ടറിക്കായിരുന്നു ചുമതല.
സുപ്രിം കോടതി ഉത്തരവനുസരിച്ച് ഫ്ലാറ്റ് പൊളിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മരട് ഫ്ലാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ വെള്ളിയാഴ്ച സുപ്രിം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ മുഖം രക്ഷിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളിലുണ്ട്.