മരടിലെ ഫ്ലാറ്റുകള്‍ അടുത്ത മാസം 11ന് പൊളിക്കും. ഞായറാഴ്ച മുതല്‍ താമസക്കാരെ ഒഴിപ്പിക്കും. നാല് ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഒക്ടോബര്‍ 3ന് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫ്ലാറ്റ് പൊളിക്കുന്നതിനായി 138 ദിവസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്.
ഒഴിപ്പിക്കല്‍ നടപടി നീതിനിഷേധമെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി.
ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകൾ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും.വെള്ളിയാഴ്ച ക്കുള്ളിൽ ഉള്ളിൽ ജലവിതരണം നിർത്തലാക്കണം എന്നാണ് നഗരസഭാ നിർദേശം. എന്നാൽ ഫ്ലാറ്റുകളിൽ നിന്ന് മാറില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് ഉടമകളും.
അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.