India Kerala

മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചു; ഫ്ലാറ്റുകള്‍ ഒക്ടോ. 11ന് പൊളിച്ചു തുടങ്ങും

മരടിലെ നാല് ഫ്ലാറ്റുകളിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കാനെത്തിയത്. ഫ്ലാറ്റുടമകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ഫ്ലാറ്റുകള്‍ക്ക് മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ രാത്രി അഴിച്ചുമാറ്റി. കൊടികള്‍ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. ഇപ്പോള്‍ പ്രവര്‍ത്തകരെത്തി കൊടികള്‍ പുനസ്ഥാപിക്കുകയാണ്.

അതേസമയം മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 11ന് പൊളിച്ചു തുടങ്ങും.138 ദിവസത്തെ പദ്ധതിയാണ് ഫ്ലാറ്റ് പൊളിക്കലിനായി തയ്യാറാക്കി. 29ന് ഒഴിപ്പിക്കല്‍ തുടങ്ങും. ഒക്ടോബര്‍ 3ന് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കും.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകൾ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും.വെള്ളിയാഴ്ച ക്കുള്ളിൽ ഉള്ളിൽ ജലവിതരണം നിർത്തലാക്കണം എന്നാണ് നഗരസഭാ നിർദേശം. എന്നാൽ ഫ്ലാറ്റുകളിൽ നിന്ന് മാറില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് ഉടമകളും.

അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.