Kerala

വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി; കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ല

വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി. ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്ചയും ലഭിക്കില്ല. ഈ നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്ഥാനങ്ങൾക്ക് നൽകാനാണ് നിർദേശം. 78മെഗാവാട്ട് വൈദ്യുതിയാണ് ഇവിടങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്.

വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠി അറിയിച്ചു.

കൂടുതൽ റെയിൽവേ റാക്കുകൾ ഓടിക്കുന്നുണ്ടെന്നും പാസഞ്ചർ ട്രെയിനിനേക്കാൾ പരിഗണന കൽക്കരി വഹിച്ചുകൊണ്ട് പോകുന്ന റെയിൽവേ റാക്കുകൾക്കാണ് നൽകുന്നതെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.

അതേസമയം, രാജ്യതലസ്ഥാനത്തെ വൈദ്യുതി സാഹചര്യത്തെ കുറിച്ച് ഡൽഹി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഡൽഹിക്ക് വൈദ്യുതി എത്തിക്കുന്ന അഞ്ച് താപനിലയങ്ങളിലും ആവശ്യത്തിന് കൽക്കരി സ്റ്റോക്കുണ്ടെന്ന് ഊർജ മന്ത്രി ആർ.കെ. സിംഗ് വ്യക്തമാക്കി. ഇത്അ സംബന്ധിച്ച് അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി ഡൽഹി സർക്കാരിന് കത്തയച്ചു.

ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധതാപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെപ്രവർത്തനം നിർത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്.രാജ്യത്താകെ62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളതെന്നാണ് ഒടുവിലായി പുറത്ത് വന്ന റിപ്പോർട്ട്. ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.