മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ‘ഭാരത ഭാഗ്യവിധാക്കള്‍ നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്‍റെ ഫലമാണ് ഇലക്ഷന്‍ ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്‍റെ ഭാഗമാണ് ഈ വീഡിയോ ഗാനം. സമ്മതിദായക അവകാശവും അതിന്‍റെ വിനിയോഗവും ഇതില്‍ പറയുന്നു. കേരളം നേരിട്ട പ്രളയവും ഭാരത സംസ്കാരവും ഭരണസ്ഥാപനങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന ഇലക്ഷന്‍ ഗീതത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് ഐ. എം.ജി. ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറാണ്.സംഗീതം മാത്യു. കെ. ഇട്ടിയുടേതാണ്. ഇന്ത്യന്‍ പതാകയും ചിഹ്നവും ദൃശ്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ”വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ വോട്ടര്‍ എന്നതില്‍ അഭിമാനിക്കൂ” എന്ന സന്ദേശത്തോടെ ഗീതം പൂര്‍ണ്ണമാകുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/election-song.jpg?resize=1199%2C642&ssl=1)