India Kerala

പോസ്റ്റൽ വോട്ട് തിരിമറി: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു

പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം സാധ്യമാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ മൊഴിയെടുക്കല്‍ നടന്നിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരികെ എത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സഹപ്രവർത്തകരോട് പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേതാണോ എന്നുറപ്പാക്കാൻ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. വോട്ടെണ്ണൽ നടക്കുന്ന ഈ മാസം 23ന് ശേഷം മാത്രമേ എത്ര പേർ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ‍ഡി.ജി.പി ലോക്നാഥ് ബഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയക്ക് ഇടക്കാല റിപ്പോര്‍ട്ട് കൈമാറും.