വോട്ടുയര്‍ത്താനായെങ്കിലും പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്തെ തർക്കങ്ങളും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വങ്ങളും പ്രശ്നമായി. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന അധ്യക്ഷനെതിരെ പട നയിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം.
പല സ്ഥലത്തും വോട്ടുയർത്താനായെങ്കിലും സീറ്റു നേടാനാകാഞ്ഞതിനെചൊല്ലി ബി.ജെ.പിയിൽ തർക്കം തുടങ്ങി. ലക്ഷ്യം സംസ്ഥാന അധ്യക്ഷനെതിരെ തന്നെ. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയായി വരുന്നതിനെ തുടക്കത്തിൽ എതിർത്തത് സ്ഥാനാർഥിത്വം വൈകിയെന്നാണ് പ്രധാന വിമർശം. ശബരിമല യുവതീ പ്രവേശന പ്രശ്നം കാര്യമായി ഉപയോഗിക്കാനാവാഞ്ഞതും അധ്യക്ഷന്റെ നിലപാടാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ശബരിമല പ്രശ്നത്തെ ചൊല്ലി നടത്തിയ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നതും തെരഞ്ഞെടുപ്പിനെ ബാധിച്ചു. സമരം പത്തനംതിട്ടയിൽ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമായിരുന്നുവെന്നും അഭിപ്രായമുയരും. എൻ.എസ്.എസുമായി ബന്ധം ഉണ്ടായിരുന്നിട്ടും ഈ വോട്ട് പാർട്ടിക്കനുകൂലമാക്കാനാവാഞ്ഞതും അധ്യക്ഷനെതിരെ ആയുധമാക്കും.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശ്രീധരൻ പിള്ള മത്സരിക്കാൻ ശ്രമിച്ചതും വിനയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പല മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത് എത്താൻ സാധിച്ചതും വൻതോതിൽ വോട്ട് നേടിയതും ബി.ജെ.പിക്ക് കേരളത്തിൽ നേട്ടം തന്നെയാണെന്നാണ് ശ്രീധരൻ പിള്ളയുടെ വാദം.
എന്നാൽ ഈ വാദത്തെ തള്ളി നേതൃ മാറ്റം എന്ന പ്രശ്നമുയരാനുള്ള സാധ്യത കൂടുതലാണ്. വോട്ട് മറിക്കുന്നുവെന്ന പരാതി ഇക്കുറിയും ബി.ജെ.പിയെ വേട്ടയാടും. വടകര , കണ്ണൂർ, മണ്ഡലങ്ങളിലെ വോട്ട് കുറഞ്ഞത് പാർട്ടിയിൽ തർക്കങ്ങൾക്ക് വഴിയൊരുക്കും. തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തെക്കുറിച്ച് ആർ.എസ്.എസും ബിജെപി ദേശീയ നേതൃത്വവും എന്തു പറയുന്നുവെന്നതും പ്രസക്തമാണ്.