HEAD LINES Kerala

നടന്നത് ഭീകരവാദ പ്രവർത്തനം; പ്രതി ഷാരൂഖ് സെയ്ഫി മാത്രം; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ( elathur train fire NIA submits chargesheet )

കേരളത്തെ ഞെട്ടിച്ച സംഭവം നടന്ന് ആറ് മാസം തികയുമ്പോഴാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. എലത്തൂരിൽ നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് വ്യക്തമാക്കുന്ന എൻഐഎ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആളെ തിരിച്ചറിയാതിരിക്കാനാണ് പ്രതി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. പാകിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു. ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതി എന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വൺ കമ്പാർട്ട്‌മെന്റിലെത്തി പ്രതി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒരു കുട്ടിയടക്കം മൂന്ന് പേർ മരിക്കുകയും പത്തോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.