പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കു പിന്നിലെ സൂത്രധാരന്‍ ഷാഫി എന്ന റഷീദ് ആണെന്നാണ് പ്രാഥമിക നിഗമനം. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിംഗുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിംഗുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിംഗിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു.
തുടര്‍ന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പര്‍ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിംഗ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി. ഭഗവല്‍ സിംഗിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിംഗിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിംഗ് ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിംഗ് അറിഞ്ഞിരുന്നില്ല.
കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയായ റോസ്ലിനെയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.
കാലടിയില്‍നിന്ന് റോസ്‌ലിനെ കൊണ്ടുപോയത് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നില്‍നില്‍ക്കുന്നയാളായിരുന്നു റോസ്‌ലിന്‍. ഇവര്‍ക്ക് പത്തുലക്ഷം രൂപയും വാഗ്ദാനം നല്‍കിയിരുന്നു.