തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷത്ത് മായാവതി, മമതാബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിംഗ് യാദവ് വരെ പ്രധാനമന്ത്രി പദമോഹികളുടെ നിര തന്നെയുണ്ട്.
ഇതിനിടെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണെങ്കില്‍ എ കെ ആന്റണി പൊതുസമ്മത പ്രധാനമന്ത്രിയായേക്കുമെന്ന സൂചന നല്‍കി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. നരേന്ദ്ര മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും. എന്നാണ് ചെറിയാന്റെ പോസ്റ്റ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നരേന്ദ്ര മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും.
ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത ഊഴം കോണ്‍ഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളില്‍ പലതും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ല.പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിംഗിനെ എതിര്‍ക്കുന്നവര്‍ ഉണ്ടാകും. മമത ബാനര്‍ജി , മായാവതി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാല്‍ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികള്‍ക്കും ആന്റണി സ്വീകാര്യനായിരിക്കും.