സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം തേടാത്തത് ശരിയായ നടപടിയല്ലെന്നും ഗാഡ്ഗിൽ കമ്മിറ്റിയംഗം കൂടിയായ വി എസ് വിജയന്‍ പറഞ്ഞു
ഇഐഎ കരട് വിജ്ഞാപനത്തിൽ സംസ്ഥാനം അഭിപ്രായം പറയും മുമ്പ് പൊതു അഭിപ്രായം സ്വീകരിക്കാത്തത് തെറ്റായിപോയെന്ന് പരിസ്ഥിതി ശാസ്ത്രകാരനും ഗാഡ്ഗിൽ കമ്മിറ്റിയംഗവുമായ വി.എസ് വിജയൻ പറഞ്ഞു. കേന്ദ്രം പൊതുജന അഭിപ്രായം തേടുന്ന രീതി ശരിയല്ല. എന്നാൽ വിജ്ഞാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനമാക്കിയ പ്രശ്നം ലോലമായി കാണാനാവില്ല. അതുകൊണ്ട് തന്നെ കേരളം പറയുന്ന അഭിപ്രായം ഉദ്യോഗസ്ഥരല്ല തയ്യാറാക്കേണ്ടത്. സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം നൽകാൻ കഴിയുന്നവരുണ്ട് അവരുടെ അഭിപ്രായം തേടേണ്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ മാത്രം കുറിപ്പാവാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തേണ്ടിയിരുന്നു.
സംസ്ഥാനത്ത് പരിസ്ഥിതി ഒരു വെറും വകുപ്പായി നിർത്തരുത്. ഇതിന് പ്രത്യേക മന്ത്രാലയം ആവശ്യമാണ്. അതിനായ് മുൻകൈ എടുക്കണമെന്നും വിജയൻ പറഞ്ഞു. ഇഐഎ വിജ്ഞാപനത്തെ സംസ്ഥാന സർക്കാർ എതിർക്കുമെന്നതാണ് ആശ്വാസം. മറ്റ് പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് സംഭവിച്ചത് പറ്റാതെ കേരളം ഇക്കാര്യത്തിൽ പരിസ്ഥിതിക്ക് ഒപ്പം നിൽക്കണം.
കേന്ദ്ര സർക്കാരിന് പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ ഒരു നയമില്ല. എപ്പോഴും പരിസ്ഥിതിയെ പരിഗണിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഈ നയം എപ്പോഴും വ്യവസായികൾക്ക് മാത്രമായി മാറുന്നു. ജനങ്ങളുടെ അഭിപ്രായത്തിന് മാനം നൽകാതെ പരിസ്ഥിതിക്ക് മേലുള്ള കടന്നുകയറ്റം അപകടകരമാണെന്നും വി എസ് വിജയൻ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനമോ മുൻകൂര്‍ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് വി എസ് വിജയന്‍റെ പ്രതികരണം.