വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. വനം വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തരമേഖലാ സിസിഎഫ് ഉൾപ്പെടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തമിഴ്നാട് വനം വകുപ്പുമായി ചേർന്നും കടുവയെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവാ ഭീതിയിലാണ് ചീരാൽ. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനുള്ള വനംവുപ്പിൻ്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. രാത്രി കാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കടുവ പകൽ സമയങ്ങളിൽ വയനാട്ടിലെയും തമിഴ്‌നാട്ടിലെ മുതമല കടുവാ സങ്കേതത്തിലും മറഞ്ഞിരിക്കുന്നതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരള – തമിഴ്നാട് വനം വകുപ്പുകൾ സംയുക്തമായി കടുവയെ പിടികൂടാൻ ഇതിനോടുകം പദ്ധതികൾ തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിക്കും. വിവിധയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചീരാലിൽ ലൈവ് സ്ട്രീമിംഗ് ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇന്നലെ ചീരാലിൽ എത്തിയ ഉത്തരമേഖല സിസിഎഫ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതേസമയം ഒരു സംഘം റാപ്പിഡ് റസ്പോൺസ് ടീമിനെ കൂടി വയനാട്ടിലേക്ക് അനുവദിക്കുന്നതിന് നിർദേശം നൽകിയതായി വനം വകുപ്പ് മന്ത്രി അറിയിച്ചു.