കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മൂന്നെണ്ണം യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫും നേടി. പാലാ കൂടി കണക്കിലെടുക്കുമ്ബോള്‍ ആറില്‍ ഒരു മണ്ഡലം മാത്രം കൈവശമുണ്ടായിരുന്ന എല്‍ഡിഎഫ് മുന്നെണ്ണം നേടിയാണ് കളിയവസാനിപ്പിക്കുന്നത്. പക്ഷേ സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് നഷ്ടപ്പെടുത്തുകയും അത് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. ഈ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ക്കപ്പുറം രാഷ്ട്രീയ രംഗത്തെ ബാക്ക് സീറ്റ് ഡ്രൈവിംഗുകാരെന്ന് സ്വയം കരുതുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ചുള്ള കണക്കുകള്‍ കൂടി ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്ബോള്‍ പരിഗണിക്കേണ്ടതായുണ്ട്.
ജനാധിപത്യ പ്രക്രിയയിലെ പ്രധാന നടപടിയായ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ എന്‍എസ്‌എസ് നേതൃത്വം വര്‍ഷാവര്‍ഷങ്ങളായി സ്വീകരിക്കാറുള്ള അവരുടെ സമദൂര സിദ്ധാന്തം തിരുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തവണ സമദൂരമല്ല, ശരിദൂരമാണ് എന്‍എസ്‌എസിന്റെ നിലപാടെന്ന് പ്രഖ്യാപിച്ചത് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെയാണ്. തൊട്ടു പിറകെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍എസ്‌എസ് നേതാക്കള്‍ ശരിദൂരമെന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും കരയോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അതിനാഹ്വാനം ചെയ്യുമെന്നും അവര്‍ പരസ്യമായിത്തന്നെ പറഞ്ഞു. ഇതിനെ തള്ളാതയുള്ള പ്രസ്താവന സുകുമാരന്‍നായര്‍ വീണ്ടും നടത്തി. ശബരിമല വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും വഞ്ചിച്ചുവെന്നും അത് മനസ്സില്‍ വെച്ചു കൊണ്ട് സമുദായാംഗങ്ങള്‍ വോട്ടു ചെയ്യുമെന്നുമായിരുന്നു സുകുമാരന്‍ നായരുടെ രണ്ടാമത്തെ പ്രസ്താവന.
എല്ലാവര്‍ക്കുമറിയാവുന്ന പോലെത്തന്നെ നായര്‍സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പണ്ട് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന കാലം മുതല്‍ നായര്‍ സമുദായാംഗങ്ങളെ തെരഞ്ഞു പിടിച്ച് ജയിപ്പിക്കുന്ന മണ്ഡലം. യുഡിഎഫ് നായര്‍ ഇതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ യുഡിഎഫിനെ വിട്ട് നായര്‍ സമുദായാംഗമായ എല്‍ഡിഎഫുകാരനെ തെരഞ്ഞെടുത്തിട്ടുണ്ട് തിരുവനന്തപുരം നോര്‍ത്ത്. തിരുവനന്തപുരം നോര്‍ത്ത് മുതല്‍ വട്ടിയൂര്‍ക്കാവ് വരെയുള്ള ചരിത്രത്തില്‍ അവിടെ നിന്ന് വിജയിക്കുന്ന നായര്‍ സമുദായാംഗമല്ലാത്ത രണ്ടാമത്തെ മാത്രം പ്രതിനിധിയാണ് വികെ പ്രശാന്തെന്നു പറയുമ്ബോള്‍ തന്നെ ആ ജാതി സമവാക്യത്തിന്റെ ആഴം മനസ്സിലാവും. ഈ കണക്കുകളായിരിക്കണം വട്ടിയൂര്‍ക്കാവിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ എന്‍എസ്‌എസ് നേതൃത്വത്തിലെ സുകുമാരന്‍ നായര്‍ വിഭാഗത്തിന് ധൈര്യം നല്‍കിയത്.
ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ സിപിഎം ആ ഘട്ടത്തില്‍ തന്നെ എടുത്ത നിലപാട് സാമുദായിക ഘടകങ്ങളായിരിക്കില്ല ഇത്തവണ തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കുക എന്നതായിരുന്നു. ജാതി നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും എന്‍എസ്‌എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചുണ്ടെന്ന് കരുതാനേ ഈ അവസരത്തില്‍ നിര്‍വാഹമുള്ളൂ. എന്തായാലും എന്‍എസ്‌എസ് നിലപാട് പ്രഖ്യാപിച്ച ശേഷവും അചഞ്ചലമായി നേരത്തെ പറഞ്ഞതില്‍ ഉറച്ചു നിന്ന് വികെ പ്രശാന്തും സിപിഎമ്മും എല്‍ഡിഎഫും ജനങ്ങളെ സമീപിച്ചു. രാഷ്ട്രീയ നേതൃത്വമെന്ന നിലയില്‍ ജനാധിപത്യ സ്ഥാനങ്ങളുപയോഗിച്ച് ജനങ്ങള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിടയില്‍ വിശദീകരിച്ചാണ് വോട്ട് തേടിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. വട്ടിയൂര്‍ക്കാവില്‍ പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വികെപ്രശാന്ത് ജയിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് പ്രശാന്തിന്റെ ജയം. നായര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അവര്‍ എന്‍എസ്‌എസ് നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് പുല്ലുവില പോലും കല്‍പ്പിച്ചില്ലെന്ന് വ്യക്തം. കൃത്യമായി രാഷ്ട്രീയ രംഗത്ത് നില്‍ക്കുകയും തന്നിലേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ള മികച്ച സ്ഥാനാര്‍ത്ഥിയെ അവര്‍ എല്ലാ സാമുദായിക പരിഗണനകളും മാറ്റി നിര്‍ത്തി തെരഞ്ഞെടുത്തു.
കോന്നി മണ്ഡലത്തിലും നടന്നത് ഇതിനു സമാനമായ തെരഞ്ഞെടുപ്പാണ്. ഒരിടത്ത് കോണ്‍ഗ്രസെങ്കില്‍ മറ്റൊരിടത്ത് ബിജെപി. ഒരിടത്ത് എന്‍എസ്‌എസെങ്കില്‍ മറ്റൊരിടത്ത് ഓര്‍ത്തഡോക്‌സ് സഭ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വം ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി പള്ളിത്തര്‍ക്കത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി കോന്നി മണ്ഡലത്തിലെ ഒരു വിഭാഗം സഭാ വിശ്വാസികള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അനുകൂലമായി കമ്മിറ്റികള്‍ വരെയുണ്ടാക്കി പ്രചാരണവും നടത്തി. കോന്നി മണ്ഡലം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ്. ബിജെപിയ്ക്ക് ന്യൂനപക്ഷങ്ങളോടുള്ള സമീപനവും ഓര്‍ത്തഡോക്‌സ് സഭയുടെ ബിജെപി ബന്ധവുമൊക്കെ വലിയ ചര്‍ച്ചയായതോടെ അത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നും പ്രഖ്യാപിച്ചവരുടെ വ്യക്തിപരമായ നിലപാടാണെന്നും സഭാ വക്താവ് പ്രസ്താവനയിറക്കി. സമാനമായ ഒരു പ്രസ്താവന തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും സമാനമായ ആര്‍ക്കും മനസ്സിലാവാത്ത ഒരു പ്രസ്താവന ഇറക്കിയിരുന്നുവെന്നത് വേറൊരു തമാശ.
എന്തായാലും കോന്നിയിലും സഭാ വിശ്വാസികള്‍ അറിഞ്ഞൊന്നു പെരുമാറി. എല്‍ഡിഎഫിന്റെ വിജയവും യുഡിഎഫിന്റെ തോല്‍വിയുമൊന്നുമല്ല കോന്നിയിലെ ഏറ്റവും പ്രധാന വിഷയം. നിര്‍ണായ സ്വാധീനമെന്നവകാശപ്പെടുന്ന സഭയിലെ ഒരു വിഭാഗം കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച കെ സുരേന്ദ്രന്‍ ദയനീയമായ മൂന്നാം സ്ഥാനത്താണ്. ശബരിമലയും ഓര്‍ത്തഡോക്‌സ് സഭയുമൊന്നും സുരേന്ദ്രന് രക്ഷയായില്ല. ഇതോടെ ബിജെപിയുടെ ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന ഇമേജും സുരേന്ദ്രന് കൈമോശം വന്നു.
സിപിഎം പരാജയപ്പെട്ട അരൂരിലും ഇതിന് സമാനമായ ഒരു ചിത്രമുണ്ട്. എസ്‌എന്‍ഡിപി യോഗം ഇത്തവണ ഒരു പാര്‍്ട്ടിയ്ക്കും പിന്തുണ കൊടുക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ ഇടപെടുന്നത് ശരിയല്ലെന്നും പറയാനുള്ള മാന്യത വെള്ളാപ്പള്ളി നടേശന്‍ കാണിച്ചു. അത് വെള്ളാപ്പള്ളിയുടെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണെങ്കില്‍പ്പോലും. പക്ഷേ പലപ്പോളും പരോക്ഷമായി ഇടതുമുന്നണിയെയും സിപിഎമ്മിനെയും പിണറായിയെയും പുകഴ്ത്തി ചില സൂചനകള്‍ വെള്ളാപ്പള്ളി നല്‍കിയിരുന്നു. പക്ഷേ വെള്ളാപ്പള്ളിയുടെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ സമുദായത്തിന് വലിയ സ്വാധീനമുള്ളിടത്ത് സിറ്റിങ്ങ് സീറ്റ് സിപിഎമ്മിന് നഷ്ടപ്പെട്ടു. ഇവിടെ വെള്ളാപ്പള്ളിയോ സിപിഎമ്മോ സമുദായ സംഘടനയുടെ പിന്തുണ ആവശ്യപ്പെടുകയോ വാഗ്ദാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അത്തരത്തില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. പക്ഷേ വെള്ളാപ്പള്ളിയുടെ പരോക്ഷ സൂചനകള്‍ക്ക് സ്വന്തം നാട്ടുകാരായ സമുദായാംഗങ്ങള്‍ തന്നെ എന്ത് വിലയാണ് കല്പിച്ചതെന്ന് നോക്കുക.
അതെ, ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം വിളിച്ചു പറഞ്ഞത് അതു തന്നെയാണ്. മത – സാമുദായിക സംഘടനാ നേതാക്കളേ, രാഷ്ട്രീയവും തെരഞ്ഞെടുപ്പുമൊന്നും നിങ്ങള്‍ക്ക് കളിക്കാനുള്ള കളിത്തട്ടുകളല്ല. നിങ്ങളുടെ മേഖല വേറെയാണ്. അവിടെ ഒതുങ്ങി നില്‍ക്കുക. ജനാധിപത്യ വേദികളില്‍ ജാതികള്‍ക്കും മതങ്ങള്‍ക്കുമല്ല, ജനങ്ങള്‍ക്കാണ് ആധിപത്യമുണ്ടാവേണ്ടത്. കേരളം നല്‍കിയ ഈ സന്ദേശം ഉള്‍ക്കൊള്ളാന്‍ മത – സാമുദായിക സംഘടനകളുടെ നേതാക്കളും അവരെ ചാരിയും താങ്ങിയുമൊക്കെ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളുമൊക്കെ തയ്യാറായാല്‍ അവര്‍ക്ക് നല്ലത്.