Kerala

ആരെയും ലക്ഷ്യം വച്ചെഴുതിയതല്ല ആത്മകഥ; പി ശശിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് ടീക്കാറാം മീണ

തന്റെ ആത്മകഥ ഒരു വ്യക്തിയെയും ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ആത്മകഥാ പ്രകാശന ചടങ്ങിന് ശേഷം ടീക്കാറാം മീണ. ജനങ്ങള്‍ പലരും ആഗ്രഹിച്ചതാണ് തന്റെ ആത്മകഥ. ബാല്യം മുതലുള്ള അനുഭവങ്ങളും എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് ഐഎഎസിലേക്ക് എത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ സ്‌കൂളിലും കോളജിലുമൊക്കെ കുട്ടികളുമായി സംവദിക്കുമ്പോള്‍ അവരാവശ്യപ്പെട്ടതാണ് പലപ്പോഴും, ഈ ആത്മകഥ. അതുകൊണ്ടാണ് ഇതിലേക്കെത്തിയത്. ടീക്കാറാം മീണ പറഞ്ഞു.

വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാം പുസ്തകത്തിലുണ്ട്. എല്ലാവരും ആത്മകഥ വായിച്ചിരിക്കണം. ഇപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചൊക്കെ നേരത്തെ തന്നെ ഇവിടുത്തെ പത്രങ്ങളൊക്കെ എഴുതിയാണ്. ഇന്നിപ്പോള്‍ അതില്‍ പുതുമയുണ്ടോ എന്നറിയില്ലെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍വീസ് കാല ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകമായി ഒരാളെ ലക്ഷ്യം വച്ചുകൊണ്ട് എഴുതിയിട്ടില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്. അനുഭവങ്ങളാണ് ആത്മകഥയില്‍ എഴുതിയത്’. ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. പി ശശിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്നും മീണ വ്യക്തമാക്കി.

‘കൃഷി ആയിരുന്നു നാട്ടില്‍ ഇഷ്ടം. അവിടെ ആരംഭിച്ച ജീവിതം അവിടെ തന്നെ അവസാനിപ്പിക്കണം. പക്ഷേ കേരളത്തില്‍ എന്റെ സേവനം എപ്പോള്‍ വേണ്ടിവന്നാലും ക്ഷണിച്ചാല്‍ ഞാനെത്തും. വളരെ സുന്ദരമായ രാജ്യാണ് ഇന്ത്യ. അങ്ങോട്ടുമിങ്ങോട്ടും ഞാന്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കും. അമ്പലത്തിലോ പള്ളിയിലോ പോയിട്ട് മാത്രം കാര്യമില്ല. ധര്‍മമാണ് കര്‍ത്തവ്യം. ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. എവിടെ ജോലി ചെയ്താലും ജനങ്ങള്‍ നമ്മളെ കണ്ടിട്ട് പോകുമ്പോള്‍ അവരുടെ മുഖത്ത് ചിരിയുണ്ടാകണം’. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി.ശശിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ടിക്കറാം മീണയുടെ ആത്മകഥയില്‍ ഉയര്‍ത്തിയത്. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടീക്കാറാം മീണ ആത്മകഥയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ എം.കെ.രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. ഇന്ന് നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ശശി തരൂരും പങ്കെടുത്തിരുന്നു.