Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കത്ത് അയച്ച് ഇ.ഡി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇ.ഡി. വീണ്ടും കത്ത് അയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപ്പട്ടികയും ആവശ്യപ്പെട്ടാണ് നോട്ടിസ്. ഒരു മാസം മുമ്പ്ഇതേ ആവശ്യം ഉന്നയിച്ച് ഇ.ഡി. ക്രൈംബ്രാഞ്ചിന് കത്തയച്ചിരുന്നു. അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഇ.ഡി. കത്തയച്ചിരിക്കുന്നത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. കേസിൽ നിലവിലെ 6 പ്രതികളിൽ 4 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായിരുന്നു. സൂപ്പർ മാർക്കറ്റ് മാനേജർ റെജിയാണ് അറസ്റ്റിലായത്.

കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് തിരികെ നൽകാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.