Kerala

ഇടമലയാർ ഡാം നാളെ തുറന്നേക്കും ; ജാഗ്രതാ നിർദേശം

എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ജാഫർ മാലിക് കൂട്ടിച്ചേർത്തു.

കോതമംഗലം താലൂക്കിലെ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി. ഇടമലയാർ ഡാം നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ നിർദേശം പുറപ്പെടുവിച്ചത്. ഇടമലയാർ ഡാമിന്റെ നിലവിലെ ജലനിരപ്പ് 165. 3 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി 169 മീറ്ററാണ്.