Kerala

എം. ശിവശങ്കറിന് പതിനാല് കോടി രൂപയുടെ അനധികൃത സ്വത്തെന്ന് ഇ. ഡി; കണ്ടുകെട്ടിയേക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ സ്വത്തുക്കള്‍‌ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടപടി തുടങ്ങി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രാഥമിക കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് നടപടി ഉണ്ടായേക്കും. അതേസമയം സി.എം രവീന്ദ്രന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല.

ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കർ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെ പേരിലുളള സ്വത്തുക്കള്‍ മുഴുവന്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചത്. സ്വാഭാവിക നടപടിയുടെ ഭാഗമാണെങ്കില്‍ പോലും കൃത്യമായ തെളിവുകള്‍ കാണിച്ചില്ലെങ്കില്‍ ഈ സമ്പാദ്യം പൂർണ്ണമായും സർക്കാരിലേക്ക് പോകും. അല്ലാത്ത പക്ഷം കണ്ടുകെട്ടിയ സ്വത്തുക്കള് ശിവശങ്കരന് തന്നെ ലഭിക്കും.

ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രാഥമിക കുറ്റപത്രം സമർപ്പിക്കുമ്പോള് ഇത് സംബന്ധിച്ചുള്ള വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിയെ ഇമെയില് മുഖേന അറിയിച്ചു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ചികിത്സയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.