Kerala

ജാമ്യം റദ്ദാക്കണം: ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരെ ഇ.ഡി സുപ്രീം കോടതിയിൽ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചു. ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചത്

ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടോയെന്നാണ് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. അത്തരമൊരു സാധ്യത പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യം വിലയിരുത്തി ചില കർശന വ്യവസ്ഥകൾ ചുമത്തുന്നത് ഒഴിവാക്കുകയും ചെയ്തു.

രണ്ട് ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള പണം ശിവശങ്കറിന്‍റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന ഇ.ഡി.യുടെ ആരോപണം ഭാഗികമായി ഹൈകോടതി തള്ളിയിരുന്നു . ഈ സാഹചര്യത്തിലാണ് ഇ.ഡി വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്. നിലവിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇ.ഡിയുടെ വാദം.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.