കോവിഡും പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. കേരളത്തിന്‍റെ വളർച്ചാ നിരക്കും, ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കും കുറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുകടം വർധിച്ചു. ആശങ്ക വർധിപ്പിച്ച് പ്രവാസികൾ കൂട്ടത്തോടെ തിരിച്ച് വരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2019-20ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് സംസ്ഥാനത്തിന്‍റെ ഗുരുതരമായ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്നത്. വളർച്ച നിരക്ക് ദേശീയ ശരാശരിയെക്കാൾ താഴെയായി. ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക്. മുൻ വർഷം 6.49 എന്നത് 2019-20ൽ 3.45 ശതമാനമായി കുറഞ്ഞു. കോവിഡ് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ കാര്യമായ ബാധിക്കും.
ഈ സാമ്പത്തിക വർഷത്തിന്‍റെ അദ്യ പാദത്തിൽ വളർച്ച നിരക്ക് 26 ശതമാനം ചുരുങ്ങും. റവന്യൂ വരുമാനം 2629.8 കോടി കുറഞ്ഞു. കേന്ദ്ര നികുതികളുടേയും ഗ്രാൻറുകളുടേയും വിഹിതം 2790.82 കോടി കുറഞ്ഞു. തനത് നികുതി വരുമാനം 2018-19ൽ ഒമ്പത് ശതമാനമായിരുന്നത് മൈനസ് O.6 ആയി. സംസ്ഥാനത്തിന്‍റെ കടബാധ്യത 260311.37 കോടി ആയി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കടബാധ്യതയിൽ 64.08 ശതമാനം ആഭ്യന്തര കടമാണ്. ആഭ്യന്തര കടം 165960 കോടിയായി വർധിച്ചു. അതേ സമയം, നികുതിയേതര വരുമാനം 4.09 ശതമാനം വർധിച്ചു. ലോട്ടറി വരുമാനം 7.65 ശതമാനം വർധിച്ചു. കർഷിക മേഖലയുടേയും അനുബന്ധ മേഖലയുടേയും വളർച്ച നിരക്ക് നെഗറ്റീവ് ആയി തുടരും. നെല്ലിന്‍റെ ഉത്പാദനം 1.52 എന്നത് 5.24 ആയി വർധിച്ചു. കരനെൽ കൃഷി 46 ശതമാനവും പച്ചക്കറി ഉത്പാദനം 23 ശതമാനം വർധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്ക് വൻതിരിച്ചടി നേരിട്ടു.
2020ലെ ഒമ്പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പ്രവാസികൾ കൂട്ടത്തോടെ തിരികെ വരുന്നതാണ് മറ്റൊരു ആശങ്ക. 2018 ലെകേരള മൈഗ്രേഷൻ സർവെ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തി. 12.95 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.