Kerala

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് പൊലീസ്

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തിൽ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലയ്ക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളെന്ന് പൊലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്ത്രീയ പരിശോധന നടത്തിയാണ് പൊലീസ് നിഗമനത്തിലെത്തിയത്.

ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. യഥാർത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം കെട്ടിയ മാലയിൽ 81 രുദ്രാക്ഷങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള മാലയിൽ 72 രുദ്രാക്ഷങ്ങൾ മാത്രം. 9 മുത്തുകളും 5 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടത്. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തു വന്നത്. 72 രുദ്രാക്ഷ മണികൾ മാത്രമാണ് മാലയിൽ കണ്ടിട്ടുള്ളതെന്നാണ് സ്ഥാനമൊഴിഞ്ഞ മുൻ ശാന്തിയുടെ മൊഴി. എന്നാൽ തിരുവാഭരണ പട്ടികയിൽ 81 മുത്തുകൾ എന്നത് ശരിവച്ചാണ് മുൻ മേൽശാന്തി ഒപ്പിട്ട് നൽകിയത്. ആഭരണങ്ങൾ പരിശോധിക്കാതെയാണ് ഒപ്പിട്ട് നൽകിയതെന്നാണ് മറുപടി. ക്രമക്കേട് കണ്ടെത്തിയിട്ടും ദേവസ്വം ബോർഡിനെ വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി.